Sunday, September 18, 2011

തൊമ്മന്‍കുത്ത് യാത്ര

കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ തൊമ്മന്‍കുത്തില്‍ പോകാനുള്ള അവസരം ഒത്തുവന്നു. വണ്ണപ്പുറത്തുള്ള ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു. അവിടെ മുമ്പ് പോയിട്ടുണ്ടെങ്കിലും തൊമ്മന്‍കുത്തില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ എന്തായാലും തൊമ്മന്‍കുത്തില്‍ പോകണമെന്ന് തീര്‍ച്ചയാക്കിയിരുന്നു. 
എല്ലാ ദിവസവും മഴയുള്ള സമയം. രാവിലെ പോകാമെന്ന് കരുതി, രാവിലെ മഴ. അതുകൊണ്ട് ഉച്ചക്കു ശേഷത്തേക്ക് പരിപാടി മാറ്റി. 
ഉച്ചക്കു ശേഷവും നല്ല തെളിച്ചമില്ല. മഴയുടെ ലക്ഷണങ്ങള്‍ കാണുന്നു. എങ്കിലും പോവാന്‍ തന്നെ തീരുമാനിച്ചു. 
തൊടുപുഴയില്‍നിന്ന് 19 കി.മീ ദൂരമുള്ള തൊമ്മന്‍കുത്തിലേക്ക് വണ്ണപ്പുറത്തുനിന്ന് കരിമണ്ണൂര്‍ വഴി 6-7 കി.മീ ദൂരമേയുള്ളൂ. വണ്ണപ്പുറം, കരിമണ്ണൂര്‍ 
പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് സഞ്ചാരികളുടെ ഹരമായ തൊമ്മന്‍കുത്തും മറ്റു കുത്തുകളും.  
വെള്ളച്ചാട്ടങ്ങളേയാണ് കുത്തുകള്‍ എന്ന് പറയുന്നത്. 


കുടുംബ സമേതം ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ഏതാണ്ട് മൂന്ന് മണിയായി. വണ്ടിയില്‍നിന്ന് ഇറങ്ങിയതും മഴ തുടങ്ങി.
വേഗം അവിടത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ഓടിക്കയറി.


വിശ്രമ കേന്ദ്രത്തില്‍ നിന്നാല്‍ അവസാനത്തെ വെള്ളച്ചാട്ടമായ തൊമ്മന്‍കുത്തിന്റെ ഭംഗി ആസ്വദിക്കാം.



വെള്ളച്ചാട്ടത്തിന് അപ്പുറമുള്ള മല


തൊമ്മന്‍കുത്ത് മാത്രം കണ്ട് തിരിച്ചു പോകേണ്ടി വരുമോയെന്ന്  ശങ്ക തുടങ്ങി. തിരിച്ചു പോകണമോയെന്ന ചര്‍ച്ച...
എന്തായാലും അപ്പോഴേക്കും മഴ കുറഞ്ഞു. ഇനിയും പെയ്യാന്‍ ആകാശം മേഘാവൃതം. ഇതുവരെ വന്ന സ്ഥിതിക്ക് കുറച്ചുദൂരം മുകളിലേക്ക്
കയറിപ്പോകാമെന്ന് തീരുമാനിച്ചു. കുടയൊന്നും എടുത്തിരുന്നില്ല, അതുകൊണ്ട് മഴ പെയ്താല്‍ കുഞ്ഞിനെ പുതപ്പിക്കാന്‍ ഒരു ബ്ലാങ്കറ്റ്‌ കൈയില്‍ കരുതി.
മഴക്കാലമായതുകൊണ്ട് ആവശ്യം വന്നാല്‍ ക്യാമറ ബാഗ് ഇടാന്‍ ഒരു പ്ലാസ്റ്റിക് കവര്‍ ബാഗിനകത്ത് എപ്പോഴും സൂക്ഷിച്ചിരുന്നു.


വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗം


കൗണ്ടറില്‍നിന്ന് പാസെടുത്ത് അകത്തു കടന്നു. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും
സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വനംവകുപ്പ് മുന്‍കൈയെടുത്ത് വനസംരക്ഷണ സമിതി രൂപീകരിക്കുകയും പ്രദേശത്തെ ഇക്കോ ടൂറിസം
പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്ന് പ്രവേശനത്തിന് പാസ് ഏര്‍പ്പെടുത്തുകയും ചെയ്തത്രേ.


അകത്തേക്ക് കയറുമ്പോള്‍ തന്നെ കുറേയേറെ നിര്‍ദേശങ്ങളടങ്ങിയ ഒരു വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അതിനു മുമ്പായി സമ്പൂര്‍ണ മദ്യ നിരോധന മേഖല എന്ന വലിയൊരു ബോര്‍ഡ് പുറത്തും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ അകത്തേക്ക് പോയപ്പോള്‍ പല സ്ഥലങ്ങളിലും മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു.


അവിടെനിന്ന് ആദ്യത്തെ കുത്തായ തൊമ്മന്‍കുത്തിന്റെ അടുത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ സെക്യൂരിറ്റി തടഞ്ഞു -അങ്ങോട്ട് പോകേണ്ട, വഴുക്കലുണ്ട്, വീഴും, അപകടമാണ്... അവിടം വരെ ചെന്നിട്ട് ഫോട്ടോയെടുക്കാതെ എങ്ങനെ തിരിച്ചുവരും... വീഴാതെ സൂക്ഷിച്ച് പോയ്‌ക്കോളാം, ഫോട്ടോയെടുക്കാനാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ അയഞ്ഞു. വളരെ ശ്രദ്ധിക്കണേ.. പാറ മുഴുവന്‍ പായല്‍ പിടിച്ച് കിടക്കുകയാണ് എന്നൊരു ഉപദേശവും.


ഏതായാലും താഴേക്ക് പോയി കുറേ ചിത്രങ്ങള്‍ എടുത്തു. താഴെ കുത്തിന്റെ തൊട്ടടുത്തു വരെ പോയി.
വെള്ളം പുഴ നിറഞ്ഞ് ഒഴുകി വരുന്ന അവിടെനിന്നുള്ള കാഴ്ച മനോഹരമാണ്. കാഴ്ച......
മറ്റുള്ളവരോട് മുകളിലേക്ക് നടന്നോളൂ എന്ന് പറഞ്ഞ് ഞാന്‍ ഒറ്റക്കാണ് അവിടേക്ക് പോയത്..



അവിടെ അപകടം ഒഴിവാക്കാനായി ഇരുമ്പ് പൈപ്പ് കൊണ്ട് വേലി കെട്ടി തിരിച്ച്, അപ്പുറത്തേക്ക് പോകരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ആ നേരത്ത് മുകളിലുള്ള വെള്ളച്ചാട്ടങ്ങള്‍ കാണാനായി യാത്ര തുടര്‍ന്നു.


അവിടെനിന്ന് മുകളിലേക്കു തിരിച്ചു കയറി. പിന്നീട് പുഴയുടെ അരികിലൂടെയുള്ള നടപ്പാതയിലൂടെ, മറ്റുള്ളവര്‍ പോയതിന്റെ പിന്നാലെ ഓടി അവരോടൊപ്പം എത്തി.
അപ്പോഴുണ്ട് മുമ്പേ പോയ ഒരു ടീം തിരിച്ചു വരുന്നു. അങ്ങോട്ടൊന്നും പോകണ്ട, മുഴുവന്‍ തോട്ടപ്പുഴുവാണ് എന്ന ഒരു ഭീഷണിയും.
പാസ് എടുത്ത് കയറിയ ഉടന്‍ തന്നെ സെക്യൂരിറ്റിയോട് തോട്ടപ്പുഴുവിന്റെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. കുറേ ദൂരം പോയാല്‍ ഉണ്ട്.
അടുത്ത സ്ഥലത്തൊന്നും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ സമാധാനമായതാണ്. പിന്നെ ഇവന്മാര് എന്താ ഇങ്ങനെ
പറഞ്ഞതെന്ന് മനസ്സിലായില്ല. എന്നാലും സൂക്ഷിച്ച് കാലുകള്‍ വെച്ച് മുകളിലേക്ക് യാത്ര തുടര്‍ന്നു. അങ്ങനെ പോകുമ്പോ ഒരിടത്ത് കുറേ ചോര കിടക്കുന്നു.
നിറയെ കറുത്ത ഉറുമ്പുകള്‍ വട്ടം കൂടിയിട്ടുമുണ്ട്. ആര്‍ക്കോ കാര്യമായി കടി കിട്ടിയതിന്റെ അടയാളം....


പോകുമ്പോള്‍ ഒരു വലിയ മരത്തില്‍ ഒരു കൂടാരത്തിന്റെ അസ്ഥിപഞ്ജരം ബാക്കി നില്‍ക്കുന്നു. വനം വകുപ്പ് സഞ്ചാരികള്‍ക്കായി പണിത ഏറുമാടത്തിന്റെ 
അവശിഷ്ടമായിരുന്നു അത്. ആ കൂടാരത്തില്‍ കയറിയാല്‍ പുഴയുടെ താഴേക്കും മുകളിലേക്കും ദൂരേക്കുള്ള കാഴ്ചകളും വെള്ളച്ചാട്ടവും
കാണാമായിരുന്നുവെന്ന് മുമ്പ് കയറിയവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഏറുമാടത്തിന്റെ പ്രതാപ കാലം ഇവിടെ കാണാം


അപൂര്‍വമായ വിവിധതരം സസ്യങ്ങളും ഇവിടെ കാണാം. മരങ്ങളില്‍ അവയുടെ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്. 
പേരയുടെ തൊലി പൊളിയുന്നതു പോലെ തൊലി പൊളിയുന്ന പേരത്തേക്ക് ഇവിടെ കണ്ടു.



കട പുഴകി വീണ വന്‍മരങ്ങളും ചിലയിടങ്ങളില്‍ കാണാം.


പുഴയില്‍ വെള്ളം കൂടുതലായതിനാല്‍ രണ്ടാം കുത്ത് ഇറങ്ങി കാണാന്‍ കഴിഞ്ഞില്ല. 


കുറച്ച് പോയപ്പോള്‍ മഴ വരുന്നതുപോലെ നല്ല ഇരമ്പല്‍ കേള്‍ക്കുന്നു. മഴ പ്രതീക്ഷിച്ചുള്ള പോക്കായതുകൊണ്ട് മഴയാണെന്ന് ഉറപ്പിച്ചു.
തിരിച്ചു പോകേണ്ടി വരുമോയെന്ന് തോന്നി....
പിന്നെ മനസ്സിലായി അത് മുകളിലുള്ള വെള്ളച്ചാട്ടത്തിന്റെ ഇരമ്പലാണെന്ന്..



അങ്ങനെ പ്രകൃതി ഭംഗി ആസ്വദിച്ചും ഫോട്ടോകളെടുത്തും മുന്നോട്ടു പോയി. വഴികള്‍ ദുര്‍ഘടം...


വഴിയില്‍ ഒരു ചെറിയ അരുവി കാട്ടിലൂടെ പതഞ്ഞൊഴുകി വരുന്നു. അതിലും ഉണ്ട് ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍. 


ആ വെള്ളത്തിലൂടെ കടന്നു വേണം പോകാന്‍. വെള്ളത്തിന് പറഞ്ഞറിയിക്കാനാവാത്ത തണുപ്പ്...


പത്തോളം കുത്തുകളാണ് ഈ പുഴയിലുള്ളത്. 13 കിലോമീറ്റര്‍ ദൂരത്തിലായാണ് ഈ കുത്തുകളത്രയും സ്ഥിതി ചെയ്യുന്നത്. 
തൊമ്മന്‍കുത്തില്‍നിന്നും 13 കിലോ മീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചു വേണം ആദ്യത്തെ കുത്തിലെത്താന്‍. ഇതിനിടയില്‍ നിരവധി ഗുഹകളും മറ്റും ഉണ്ട്. 


വന്യ മൃഗങ്ങളും ഈ ഭാഗങ്ങളില്‍ കാണപ്പെടാറുണ്ട്.


പാല്‍ക്കുളംമേട്ടില്‍നിന്ന് ഉത്ഭവിക്കുന്ന തൊമ്മന്‍കുത്ത് പുഴയിലാണ് ഈ മനോഹര വെള്ളച്ചാട്ടങ്ങള്‍. കൂവമലക്കുത്ത്,
തെക്കന്‍തോണിക്കുത്ത്, നാക്കയംകുത്ത്, മുത്തിമുക്ക്കുത്ത്, കുടച്ചിയാര്‍ കുത്ത്, പളുങ്കന്‍കുത്ത്, ചെകുത്താന്‍ കുത്ത്, തേന്‍കുഴിക്കുത്ത്, ഏഴുനിലക്കുത്ത്,
തൊമ്മന്‍കുത്ത് എന്നിങ്ങനെയാണ് കുത്തുകളുടെ പേരുകള്‍.


കുത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 14 കുത്തുകള്‍ വരെ കണ്ടെത്തിയിട്ടുണ്ടെന്നും കേള്‍ക്കുന്നു.




വീണ്ടും മുന്നോട്ടു പോയപ്പോള്‍ മൂന്നാം കുത്തായി. വളരെ ദൂരെനിന്നു തന്നെ കുത്തിന്റെ ഗാംഭീര്യം അറിയാന്‍ കഴിയും.
അത്രയധികം ശബ്ദമാണ് അവിടെനിന്ന് ഉയരുന്നത്.


വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം. മൂന്നാള്‍ പൊക്കത്തില്‍നിന്ന് താഴെക്കുചാടി പതഞ്ഞു പൊങ്ങുന്ന കാഴ്ച നയനാനന്ദകരമാണ്.
സ്‌പ്രേ ചെയ്തതു പോലെ വെള്ളത്തുള്ളികള്‍ ആ പ്രദേശത്തൊക്കെ പറന്നു നടക്കുകയാണ്. ക്യാമറ നനയാതെ സൂക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
തൊമ്മന്‍കുത്തില്‍നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരം ഇവിടേക്കുണ്ട്.







വെള്ളം കുറവുള്ളപ്പോള്‍ അതിന്റെ തൊട്ടു താഴെ വരെ പോകാന്‍ സാധിക്കും. 


ഭൂരിഭാഗം ആളുകളും രണ്ടോ മൂന്നോ കുത്തുകള്‍ വരെ എത്തി തിരിച്ചുപോരുകയാണ് പതിവ്. സാഹസികരായ ആളുകള്‍ മാത്രമേ അതിനപ്പുറത്തേക്ക് പോകാറുള്ളൂ.
ഞങ്ങളും തല്‍ക്കാലം അവിടം കൊണ്ട് യാത്ര അവസാനിപ്പിച്ച് തിരിച്ചു പോന്നു. കൂടെ കുടുംബവും കുട്ടികളുമൊക്കെയുള്ളതുകൊണ്ടും മഴയുടെ സാധ്യത
നിലനിന്നതുകൊണ്ടും അത്രയും പോയാല്‍ മതിയെന്നു തീരുമാനിച്ചു.


തിരിച്ചു വന്ന് വിശ്രമ കേന്ദ്രത്തില്‍ ഒരു ചെറിയ വിശ്രമം.


വിശ്രമ കേന്ദ്രത്തില്‍ കണ്ടത്...


പിന്നെ വിശ്രമ കേന്ദ്രത്തിന്‌ സമീപത്തു കൂടി തൊമ്മന്‍കുത്തിന്റെ താഴ് ഭാഗത്തേക്ക് ഇറങ്ങാനുള്ള വഴിയിലൂടെ താഴേക്ക് ഇറങ്ങി.
പാറയില്‍ കൊത്തിയുണ്ടാക്കിയ പടവുകളുണ്ട്. വെള്ളം ഒലിച്ച് പടവുകള്‍ മുഴുവന്‍ നല്ല വഴുക്കലായി കിടക്കുകയാണ്.
എങ്കിലും വശങ്ങളിലുള്ള കമ്പികളില്‍ പിടിച്ച് സൂക്ഷിച്ച് താഴെയിറങ്ങി.
 വെള്ളം കുറവുള്ളപ്പോള്‍ ഇവിടെ ധാരാളം ആളുകള്‍ കുളിക്കാനായി ഇറങ്ങാറുണ്ട്.



തിരിച്ചു വരാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ജിദ്ദയില്‍നിന്ന് അളിയന്റെ ഫോണ്‍ വരുന്നത്. അവിടെ കടയില്‍ നല്ല കാട്ടു തേന്‍ കിട്ടുമെന്ന്.
അതും വാങ്ങി ഒരു കുപ്പി. ചെറുതേന്‍ ഒരു കുപ്പി. വില 450 രൂപ. വനത്തില്‍നിന്ന് കൊണ്ടുവന്ന മരത്തടിയിലുള്ള തേന്‍ കൂടുകള്‍
കടയില്‍ തൂക്കിയിട്ടിരിക്കുന്നതും കാണാം. ഇത് വെട്ടിപ്പൊളിച്ചാണ് ചെറുതേന്‍ എടുക്കുന്നതെന്ന് കടയുടമയായ ചേച്ചി പറഞ്ഞു.

തൊമ്മന്‍കുത്തിന്റെ സൗന്ദര്യം ആസ്വദിച്ചു മതിയായില്ല… ഇനിയും പോകണം...
തിരിച്ചുപോരുമ്പോള്‍ ഇതായിരുന്നു മനസ്സില്‍...

ഞങ്ങള്‍ പോയതിന്റെ പിറ്റേ ദിവസം ഒരു വിദ്യാര്‍ഥി അവിടെ അപകടത്തില്‍ പെട്ടു. മൂന്നാം ദിവസമാണ് ആ കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
തുടര്‍ന്ന് ഒന്നര മാസത്തോളം തൊമ്മന്‍കുത്തിലേക്ക് സഞ്ചാരികളുടെ പ്രവേശനം തടഞ്ഞിരിക്കുകയായിരുന്നു. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തി ഓണക്കാലത്താണ് വീണ്ടും തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കായി തുറന്നത്.

Monday, September 12, 2011

അനാഥം



പഴം, പച്ചക്കറി വില്‍പനക്കാരനായ യെമനി ചെക്കന്‍ വണ്ടി റോഡിലിട്ട് എവിടെയോ പോയിരിക്കുന്നു. 

Tuesday, September 6, 2011

ഒള്ളതുകൊണ്ട് ഓണം പോലെ...


ഇപ്പോ ഇതൊന്നും കിട്ടാനില്ലാത്ത സാധനമാ... 'ഒള്ളതുകൊണ്ട് ഓണം പോലെ' എന്നല്ലേ... 
അതുകൊണ്ട് 'ഒള്ളതുകൊണ്ട്' ഓണാശംസകള്‍...

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP