Friday, December 16, 2011

സൗര്‍ ഗുഹയിലേക്ക്‌ ഒരു യാത്ര

മക്കയിലെ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രാവിലെ ഏഴരയോടെ ജിദ്ദയില്‍നിന്ന് പുറപ്പെട്ട
കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന 53 പേരടങ്ങുന്ന  സംഘം എട്ടേമുക്കാലോടെ
സൗര്‍ മലയുടെ താഴ്‌വാരത്തെത്തി.

ഇസ്ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ഹിജ്‌റ.
ഇസ്ലാമിക കലണ്ടര്‍ ആരംഭിക്കുന്നത് ഹിജ്‌റ അടിസ്ഥാനപ്പെടുത്തിയാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യും
അനുചരന്‍ അബൂബക്കര്‍ (റ)വും മക്കയില്‍നിന്ന് മദീനയിലേക്ക് അല്ലാഹുവിന്റെ കല്‍പന പ്രകാരം ഹിജ്‌റ പുറപ്പെട്ടപ്പോള്‍,
തങ്ങളെ തെരഞ്ഞെത്തിയ ശത്രുക്കളുടെ കണ്ണില്‍ പെടാതെ മൂന്നു നാള്‍ ഒളിച്ചു കഴിഞ്ഞ സൗര്‍ ഗുഹ സ്ഥിതി ചെയ്യുന്നത്
സൗര്‍ മല എന്നറിയപ്പെടുന്ന ജബല്‍ സൗറിലാണ്. സമുദ്ര നിരപ്പില്‍നിന്നും 750 മീറ്ററോളം ഉയരമുള്ള ഈ പര്‍വതം
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് ഏകദേശം അഞ്ച് കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഈ മല കയറി സൗര്‍ ഗുഹ കാണുക എന്നതായിരുന്നു പ്രധാന പരിപാടി. ജിദ്ദയിലെത്തി പതിനൊന്ന്‌ വര്‍ഷത്തിനു
ശേഷമാണ് സൗര്‍ മല സന്ദര്‍ശിക്കാന്‍ അവസരമൊത്തുവന്നത്. വന്ന ഉടന്‍ തന്നെ ജബലുന്നൂര്‍ (ഹിറാ ഗുഹ) സന്ദര്‍ശിച്ചിരുന്നു.


സംഘത്തിലെ കുറച്ചു പേര്‍ മലയില്‍ കയറേണ്ടെന്ന തീരുമാനത്തിലായിരുന്നു.
അവര്‍ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് സംഘത്തോടൊപ്പം കൂടിയത്. 


ആദ്യമേ തന്നെ സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ വലിയ ബോര്‍ഡുകള്‍ കാണാം. 


മലയുടെ താഴ്വാരത്തില്‍ വഴി വാണിഭക്കാര്‍ നിറഞ്ഞിരിക്കുന്നു. 


മക്കയിലെത്തുന്ന തീര്‍ഥാടകര്‍ തങ്ങളുടെ ഉറ്റവര്‍ക്ക് സമ്മാനിക്കാനായി പല വസ്തുക്കളും ഇവരുടെ പക്കല്‍നിന്ന് വാങ്ങുന്നുണ്ടായിരുന്നു. 
തസ്ബീഹ്, വിവിധ തരം കല്ലുകള്‍ പതിച്ച മോതിരം, തൊപ്പി തുടങ്ങിയവയും പല കൗതുക വസ്തുക്കളും ഇവര്‍ വില്‍പനക്ക് വെച്ചിട്ടുണ്ട്. 


അലങ്കരിച്ച ഒരു ഒട്ടകത്തെ കണ്ടു. അതിന്റെ ഉടമയെ അവിടെയൊന്നും കണ്ടില്ല.
അതില്‍ കയറി യാത്ര ചെയ്യാനും മറ്റുമാണ് ഇതിനെ കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുന്നത്.
പത്ത് റിയാലാണ് സാധാരണ ചാര്‍ജ് ചെയ്യുന്നത്. 

താഴെനിന്ന് നോക്കിയപ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം ബോധ്യമായി.
ആളുകള്‍ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കയറിപ്പോകുന്നത് ചെറുതായി കാണാം.
താഴെനിന്നു നോക്കിയാല്‍ കാണുന്ന ഭാഗത്തല്ല ഗുഹയുള്ളത്. താഴെനിന്ന് കാണാവുന്ന ഭാഗം ചുറ്റി മറുവശത്ത് എത്തണം. 
കയറുമ്പോള്‍ വെള്ളം കൈയില്‍ കരുതണമെന്ന് നേരത്തെ തന്നെ അറിയിപ്പു ലഭിച്ചിരുന്നു. 
അതുകൊണ്ട് ഒരു റിയാലിന്റെ കുപ്പി (അര ലിറ്റര്‍) വെള്ളം വാങ്ങി ബാഗില്‍ വെച്ചു. 
അതു മതിയാകുമെന്ന് കരുതി. കയറാന്‍ തുടങ്ങി. 


 ആളുകള്‍ സുബ്ഹ് (പ്രഭാത) നമസ്കാരം കഴിഞ്ഞ ഉടനെയാണ് സാധാരണ മല കയറാന്‍ എത്താറുള്ളത്. 
ഞങ്ങള്‍ വൈകിയതുകൊണ്ട് ചൂട് കൂടിത്തുടങ്ങിയിരുന്നു. 


കുറച്ച് മുകളിലെത്തി താഴെക്ക് നോക്കിയാല്‍ കയറിത്തുടങ്ങിയ സ്ഥലം കാണാം. അങ്ങ് ദൂരെ മസ്ജിദുല്‍ ഹറാമിനടുത്ത് 
പണിതുകൊണ്ടിരിക്കുന്ന (കഴിഞ്ഞ റമദാനില്‍ പണി തീര്‍ത്ത് ഉദ്ഘാടനം ചെയ്തു.) മക്ക ക്ലോക്ക് ടവര്‍ കാണാം. 


ചിലയിടങ്ങില്‍ പടവുകള്‍ പണിതു വെച്ചിട്ടുണ്ട്. പാക്കിസ്ഥാനികളാണ് ഇത് പണിയുന്നത്. അവര്‍ രാവിലെ വന്ന് പണി തുടങ്ങും. 
സന്ദര്‍ശകര്‍ നല്‍കുന്ന പണമാണ് അവരുടെ വരുമാനം. കാര്യമായൊന്നും പണിയില്ല. 
ഒരു ദിവസം കൊണ്ട് ചിലപ്പോള്‍ ഒന്നു രണ്ട് കല്ലൊക്കെ എടുത്ത് വെക്കും. 


ഇടക്ക് ചിലയിടങ്ങളില്‍ പല തരം പൂക്കള്‍. 



കുറച്ച് കയറിയെത്തിയപ്പോള്‍ ഒരു വിശ്രമ കേന്ദ്രം കണ്ടു. 


മല കയറി വരുന്നവര്‍ക്ക് വിശ്രമത്തിനായി പണിതിട്ടിരിക്കുന്നതാണ് ഇത്. ഇവിടെ അല്ലറ ചില്ലറ സാധനങ്ങളുടെ വില്‍പനയുമുണ്ട്. 
വെള്ളം, കോള, ജ്യൂസ് പോലുള്ളവ. പാക്കിസ്ഥാനികളാണ് ഇതിന്റേയും പിന്നില്‍. 


അവിടെയിരിക്കുമ്പോള്‍ നേരത്തെ വന്ന ചിലര്‍ തിരിച്ച് ഇറങ്ങിപ്പോകുന്നു. 


തസ്ബീഹ് മാല, ടിഷ്യു പേപ്പര്‍, ചായ, ബിസ്കറ്റ് ഇവയൊക്കെ ഇവിടെ ലഭിക്കും. 
  

കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും കയറ്റം തുടങ്ങി. വഴി കുത്തനെ വീണ്ടും മുകളിലേക്ക്. 


പോകുന്നിടത്തൊക്കെ പേരെഴുതി വെക്കുന്ന ശീലം ഒരു ആഗോള പ്രതിഭാസമാണ്.


ദൂരെ ഒരു എക്‌സ്പ്രസ് വേ. 


വഴിയുടെ ഒരു വശത്ത് അപകടം പതിയിരിക്കുന്ന കൊക്കകള്‍.


വീണ്ടുമൊരു വിശ്രമ കേന്ദ്രം. ഇവിടെ കച്ചവടക്കാരൊന്നുമില്ല. വിശ്രമിക്കാന്‍ മാത്രമായൊരിടം. 


വിശ്രമ കേന്ദ്രത്തിന് ഉള്ളില്‍നിന്ന് ഒരു ഫ്രെയിം. ദൂരെ ക്ലോക്ക് ടവര്‍ കാണാം.


തടിക്കഷണങ്ങള്‍ തലങ്ങും വിലങ്ങും വെച്ച് മുകളില്‍ ഷീറ്റിട്ട ശേഷം പറന്നു പോകാതിരിക്കാന്‍
വലിയ പാറകള്‍ ഇതിന്റെ മുകളില്‍ കയറ്റി വെച്ചിട്ടുണ്ട്.


താഴ്‌വാരത്ത് മിനായിലെ ആശുപത്രി. 


പാറകള്‍ കൊണ്ടുവന്ന് കൂട്ടിയിട്ടതുപോലെ മലകള്‍.



ചിലയിടങ്ങളില്‍ ഉണങ്ങിയതും അല്‍പാല്‍പം പച്ചപ്പുള്ളതുമായ കുറ്റിച്ചെടികള്‍.


ചിലര്‍ പിന്നാലെ പതുക്കെ കയറി വരുന്നുണ്ട്.


ഇവിടെ ഒരു വൃദ്ധന്‍ വിശ്രമിക്കുന്നു. മുകളില്‍ കയറിയ ശേഷം തിരിച്ചു വരുന്ന വഴിയാണ്.
പാക്കിസ്ഥാനില്‍നിന്ന് വന്നതാണ്. 
അദ്ദേഹം താമസിക്കുന്ന മസ്ജിദുല്‍ ഹറാമിനടുത്തുള്ള ഹോട്ടലില്‍ ചെന്ന് അദ്ദേഹത്തിന് കുറച്ച്‌ ഫോട്ടോയെടുത്തു കൊടുക്കാമോ എന്നായി?


പാക്കിസ്ഥാനിയായ ഒരു പണിക്കാരന്‍ പാറ പൊട്ടിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്. 


ചിലയിടങ്ങളില്‍ പടവുകള്‍ പാറയില്‍ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. 


വഴിക്ക് ഗുഹ പോലെ ഒരു പാറ. അകത്തു കയറിയാല്‍ നല്ല തണുപ്പാണ്. ഞാനും ഒന്ന് കയറി നോക്കി. 


കയറ്റം തുടരുന്നു.


അവസാനം സൗര്‍ ഗുഹയുടെ അടുത്തെത്തി. ഈ കാണുന്ന ഷെഡിനുള്ളിലാണ് ഗുഹാ കവാടം.
ഷെഡ് കെട്ടി ഒരു കട നിര്‍മിച്ചിരിക്കുകയാണ് അവിടെ. 
മുകളില്‍ എത്തിയപ്പോഴേക്കും അന്തരീക്ഷത്തിന്‌ ചൂട് തീരെ ഇല്ല.


കവാടത്തില്‍ ഫോട്ടോയെടുപ്പുകാരുടെ തിരക്ക്. ഞങ്ങളുടെ ഗ്രൂപ്പിലെ ആള്‍ക്കാര്‍ തന്നെ. 


മുന്നിലെ തിരക്ക് കാരണം ഗുഹയുടെ പിന്നിലേക്ക് പോയി. അതു വഴി അകത്ത് കയറാം. 
ആ വഴി പിന്നീട് ഉണ്ടാക്കിയതാണെന്ന് തോന്നുന്നു.

ധാരാളം പ്രാവുകള്‍ ഇവിടെയുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയും (സ) അബൂബക്കര്‍ (റ)യും ഗുഹക്കുള്ളില്‍ കഴിഞ്ഞപ്പോള്‍
മുട്ടകളിട്ട് അടയിരിക്കുന്ന പ്രാവുകളെ കണ്ട് ഇവിടെയൊന്നും മനുഷ്യ സാമീപ്യമില്ലെന്ന് കരുതി പ്രവാചകനെ
അന്വേഷിച്ചെത്തിയ ശത്രുക്കള്‍ തിരിച്ചു പോവുകയായിരുന്നല്ലോ.


ഗുഹയുടെ പിന്നിലൂടെ കയറി മുന്നിലൂടെ പുറത്ത് വന്നു. അപ്പോഴേക്കും മുന്നിലെ തിരക്കൊക്കെ ഒഴിഞ്ഞിരിക്കുന്നു. 


ഗുഹയുടെ ഉള്‍ഭാഗത്ത് പ്രാര്‍ഥനയിലേര്‍പ്പെട്ടിരിക്കുന്ന സന്ദര്‍ശകര്‍. ഇവിടെ വന്ന് പ്രാര്‍ഥിക്കരുതെന്നും മറ്റുമുള്ള 
നിര്‍ദേശങ്ങള്‍ താഴെ എഴുതിവെച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. 

പ്രവാചകന്‍ മുഹമ്മദ് നബി (സ)യും അബൂബക്കര്‍ (റ)യും ഇവിടെ ഒളിച്ചു താമസിച്ച ദിവസങ്ങളില്‍ അവര്‍ക്ക് ഭക്ഷണവുമായി 
എത്തിയത് അബൂബക്കര്‍ (റ)യുടെ മകള്‍ അസ്മാഅ് ബിന്‍ത് അബൂബക്കര്‍ (റ). അന്ന് അവര്‍ ഏഴു മാസം ഗര്‍ഭിണി. 
ആ നിറവയറും ചുമന്ന് പ്രത്യേകിച്ച് വഴികളൊന്നുമില്ലാതിരുന്ന ആ കാലത്ത് ഈ കുന്ന് കയറിയിറങ്ങിയത് 
അത്യദ്ഭുതം തന്നെ. ഇന്ന് നല്ല ആരോഗ്യമുള്ള ഒരാള്‍ പോലും ഇതിന്റെ മുകളിലെത്തുമ്പോള്‍ തളര്‍ന്നുപോകുന്ന അവസ്ഥ. 


ഗുഹയുടെ മുന്നിലെ ഷെഡിലെ കട. ഇവിടെയും നിരവധി വസ്തുക്കള്‍ വില്‍പനക്കുണ്ട്. തണുത്ത വെള്ളം ഇവിടെ ലഭിക്കും. 
ഇവിടെ വൈദ്യുതി ഇല്ലാത്തതിനാല്‍ രാവിലെ കച്ചവടക്കാര്‍ വരുമ്പോള്‍ ഐസ് ക്യൂബുകള്‍ കൊണ്ടുവന്നാണ് 
വെള്ളവും മറ്റും തണുപ്പിച്ച് വില്‍ക്കുന്നത്. താഴെ ഒരു റിയാലിന് കിട്ടുന്ന സാധനത്തിന് മുകളിലെത്തുമ്പോള്‍ 
നാലും അഞ്ചും റിയാല്‍ നല്‍കണം. 


തിരിച്ചിറക്കം തുടങ്ങി. മുമ്പേ എത്തിയവര്‍ മുമ്പേ ഇറങ്ങുന്നു.


വഴിക്ക് വെള്ളത്തിന്റെ പ്ലാസ്റ്റിക് കുപ്പികള്‍ നിറഞ്ഞു കിടക്കുന്നു. 


ഇറങ്ങുമ്പോഴും വിശ്രമം ആവാം. 


മാംസളമായ പഴങ്ങള്‍ നിറഞ്ഞ ഏതോ ഒരു കാട്ടു ചെടി. 

കയറുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഇറങ്ങുമ്പോഴാണ്. കാലുകള്‍ക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി. 
താഴെയെത്തുമ്പോഴേക്ക് കാലുകള്‍ നിലത്ത് ഉറക്കുന്നില്ലെന്ന അവസ്ഥ. 
താഴെയെത്തുമ്പോള്‍ സമയം ഒരു മണിയോടടുത്തു. 
കയറുമ്പോള്‍ താഴെയുണ്ടായിരുന്ന തിരക്കൊന്നും ഇപ്പോള്‍ ഇല്ല. കച്ചവടക്കാരും ഒട്ടകവുമെല്ലാം അപ്രത്യക്ഷരായിരിക്കുന്നു. 
ഇനി അവരെല്ലാം വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചെത്തും. വൈകുന്നേരവും മല കയറാന്‍ ആളുകള്‍ വരും. 

പിന്നീട് നമസ്കാരത്തിനും ഭക്ഷണത്തിനും കുറച്ചു നേരത്തെ വിശ്രമത്തിനുമായി മക്കയിലേക്ക് തീര്‍ഥാടകരേയും 
കൊണ്ട് വരുന്ന ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന പാര്‍ക്കിംഗ് ഏരിയയിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. 

(ബാക്കി സമയം പോലെ എഴുതാം....)

16 comments:

Anonymous December 17, 2011 at 6:48 PM  

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നൈസ് ..(കെ ജെ എഫ് കാരുടെ നൈസ് അല്ല കേട്ടോ )
വായിക്കുന്നവര്‍ നിങ്ങളുടെ കൂടെ മല കയറിയ അനുഭവം ....
നന്ദി ഉണ്ട് കേട്ടോ ....
ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലത്തേക്ക് ഞങ്ങളെ കൂടെ കൂട്ടിയതിനു ....

M. Ashraf December 17, 2011 at 7:32 PM  

മനോഹരമായ ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി. അഭിനന്ദനങ്ങള്‍

Pheonix December 17, 2011 at 7:53 PM  

നന്നായി സുഹൃത്തെ, വിവരണം ഒറ്റ വാച്ചകത്തിലാണ് എങ്കിലും അതില്‍ എല്ലാം വ്യക്തമാകുന്നു. പ്ലാസ്റ്റിക് മാലിന്യം വേദനിപ്പിക്കുന്നു എന്ന് പറയാതെ വയ്യ. ബാലദീയ ഇതൊന്നും കാണുന്നില്ലേ?

Kabeer December 18, 2011 at 8:54 AM  

GOOD & INSPIRING

Naushu December 18, 2011 at 9:32 AM  

മനോഹരമായ ചിത്രങ്ങളും അവതരണവും....
അഭിനന്ദനങ്ങള്‍ !!!!

Unknown December 18, 2011 at 12:42 PM  

സാജിദ്. ചിത്രങ്ങൾ എല്ലാം വളരെ മനോഹരമായിരിക്കുന്നു..വിവരണവും നല്ലതുതന്നെ..പക്ഷെ അടിക്കുറിപ്പുകൾ മാത്രമായി ചുരുങ്ങിപ്പോയതുപോലെ തോന്നി..
എങ്കിലും ഏറെ ഇഷ്ടപ്പെട്ടു..ആശംസകൾ..

കൊമ്പന്‍ December 19, 2011 at 10:33 AM  

സൂപ്പെര്‍

ഷാജു അത്താണിക്കല്‍ December 21, 2011 at 5:20 PM  

വളരെ നല്ല പോസ്റ്റ്
ചിത്രങ്ങള്‍ നല്ല ഭംഗിയുണ്ട്

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ December 21, 2011 at 8:17 PM  

സാജിത് ..ജീവനുള്ള ചിത്രങ്ങള്‍ !!!

Samad Karadan December 21, 2011 at 11:09 PM  

Very good post and photos.

Anil cheleri kumaran December 30, 2011 at 6:40 PM  

അപൂർവ്വ ചിത്രങ്ങൾ. പോസ്റ്റ് ഇഷ്ടമായി.

നിരക്ഷരൻ January 26, 2012 at 5:25 AM  

ഒരു മലകയറിയ സുഖമുണ്ട് പോസ്റ്റിന്. ഇങ്ങനെയെങ്കിലും സൌർ ഗുഹയിലേക്ക് പോകാനായതിന്റെ സന്തോഷവുമുണ്ട്.

വഴി വക്കിൽകാണുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഭൂമിയുടെ അന്തകരായി മാറുമെന്ന് ആരും മനസ്സിലാക്കുന്നില്ല. പല ഏഷ്യൻ രാജ്യങ്ങളുടേയും ശാപമാണിത്. ഇതൊക്കെ കർശനമായി നിരോധിക്കാൻ സൌദി പോലുള്ള രാജ്യത്ത് ഒരു ബുദ്ധിമുട്ടുമില്ല. പലയിടത്തും ഭരണകർത്താക്കൾ തന്നെയാണ് കാരണക്കാർ. ജനങ്ങൾ എന്ത് ചെയ്യണമെന്ന് കൃത്യമായ ബോധവൽക്കരണം നടക്കുന്നില്ല.

പൊയ്‌മുഖം August 15, 2012 at 9:08 AM  

അപൂർവ്വ ചിത്രങ്ങൾ. പോസ്റ്റ് ഇഷ്ടമായി.

Anonymous September 17, 2012 at 5:41 PM  

നല്ല വിവരണം

നിരക്ഷരന്റെ അഭിപ്രായത്തോട് യോജിക്കുന്നു
(plastic bottles)

NADAM February 24, 2013 at 3:40 PM  

ഇഷ്ടപ്പെട്ടു.... അഭിനന്ദനങ്ങള്‍...

Shefi September 4, 2013 at 9:11 PM  

Good Explanation ... May Almighty ALLAH bless you.

Post a Comment

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP