വാഗമണ്‍: നൊമ്പരപ്പെടുത്തുന്ന നാമം
വാഗമണ്‍... ഓരോ വിനോദ സഞ്ചാരിയും നിര്‍ബന്ധമായും കണ്ടിരിക്കണമെന്ന് നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ രേഖപ്പെടുത്തിയ പ്രദേശം.
കണ്ണിനും മനസ്സിലും ശരീരത്തിനും കുളിരേകുന്ന അത്രയധികമുണ്ട് അവിടെ ആസ്വദിക്കാന്‍... അതോടൊപ്പം അവിടേക്കുള്ള യാത്രയില്‍
റോഡിന്റെ ഒരു വശത്ത് അരിഞ്ഞിറക്കിയ ചെങ്കുത്തായ പാറയാണെങ്കില്‍ മറുവശത്ത് പേടിപ്പെടുത്തുന്ന അഗാധമായ കൊക്കകളാണ്.
ഈ കൊക്കകളില്‍ ജീവന്‍ പൊലിഞ്ഞവര്‍ നിരവധി.
ഏതാണ്ട് പത്ത് വര്‍ഷം മുമ്പ് (2002 സെപ്റ്റംബര്‍ 1) ഇന്ന് (21 ഫെബ്രുവരി 2012) അപകടമുണ്ടായി നാല് ജീവനുകള്‍ പൊലിഞ്ഞ
അതേ സ്ഥലത്ത്, അതേ വളവില്‍ ഒരു അപകടമുണ്ടായി. അന്ന് എനിക്ക് നഷ്ടമായത് എന്റെ പ്രിയപ്പെട്ട ഉമ്മച്ചിയേയും വാപ്പച്ചിയേയുമായിരുന്നു.
വാഗമണ്‍ കാണാന്‍ പല വാഹനങ്ങളിലായി പുറപ്പെട്ട കുടുംബാംഗങ്ങള്‍ തിരികെ വരുമ്പോള്‍ നിയന്ത്രണം വിട്ട ഒരു വണ്ടി കൊക്കയിലേക്ക്
പതിക്കുകയായിരുന്നു. അന്ന് എങ്ങിനെയോ വണ്ടിയില്‍നിന്ന് തെറിച്ചുവീണ്, തലനാരിഴക്ക് ജീവന്‍ തിരിച്ചുകിട്ടിയ പ്രിയതമ ഇന്ന് എന്നോടൊപ്പമുണ്ട്.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് നാല് മാസമേ ആയിരുന്നുള്ളൂ. ഞാന്‍ അവധി കഴിഞ്ഞ് ജിദ്ദയില്‍ തിരിച്ചെത്തിയിരുന്നു.
അന്നും ഇന്നും രക്ഷാപ്രവര്‍ത്തകരായത് അവിടത്തെ നല്ലവരായ നാട്ടുകാര്‍. അന്ന് വൈകുന്നേരം ആറര കഴിഞ്ഞിരുന്നു. ഇരുട്ട് പരന്നിരുന്നു.
അവിടത്തെ നാട്ടുകാര്‍ എങ്ങനെയൊക്കെയോ ഇരുട്ടത്ത് താഴെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
ഇവിടെ അപകടമുണ്ടാവാതിരിക്കാന്‍ റോഡ് വക്കുകളില്‍ പണിതുവെച്ചിട്ടുള്ള ഭിത്തി പല സ്ഥലത്തും വിണ്ടുകീറിയും
പൊളിഞ്ഞുമിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഓരോ പണിയും കോണ്‍ട്രാക്ടര്‍മാര്‍ക്ക് ചാകരയല്ലേ സമ്മാനിക്കുന്നത്. ചിലയിടങ്ങളില്‍
കല്ലുകള്‍ വെറുതേ അടുക്കിവെച്ച് പുറത്ത് സിമന്റ് തേച്ച് മിനുക്കി വെച്ചിരിക്കുന്നു. വാഹനം ചെറുതായൊന്ന് തട്ടിയാല്‍ മതി,
എല്ലാംകൂടി താഴേക്ക് വീഴും. ഈ അപകടമെങ്കിലും അധികാരികളുടെ കണ്ണുതുറപ്പിക്കട്ടേയെന്ന് പ്രാര്‍ഥിക്കാം....
ഈ കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ വാഗമണ്ണില്‍ പോയിരുന്നു.
അപ്പോഴെടുത്ത വാഗമണ്‍ റോഡും കൊക്കകളും കാണാവുന്ന ചില ചിത്രങ്ങളാണ് ഇത്.
വാഗമണ്‍... ആ പേര് എന്നും എനിക്ക് നൊമ്പരമുണര്‍ത്തുന്നതാണ്....
5 comments:
വിധി എന്നോ യോഗം എന്നോ ഒക്കെ പറയാം നമുക്ക്. പക്ഷെ നഷ്ടങ്ങളില്‍ ദു:ഖിക്കാതിരിക്കുക സഹോദരാ. മാതാപിതാക്കളെ നന്ദിയോടെ സ്മരിക്കുക. പ്രാര്‍ഥന അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ കാര്യമാണ്.
ഫിയോനിക്സ് പറഞ്ഞത് തന്നേ ....
പ്രാര്‍ഥിക്കാം....
നല്ല ചിത്രങ്ങള്‍ തേടി junction കേരള വഴി ഇവിടെയെത്തി .പക്ഷേ.. ഇത് വായിച്ചപ്പോള്‍ വല്ലാത്ത ദുഃഖം തോന്നി .
Rabbirham humaa...
വാഗമണ്‍ കാണാമല്ലോ എന്ന സന്തോഷത്തോടെയാണ് ഇവിടെ എത്തിയത് ..കിട്ടിയതോ മനസ്സില്‍ ഒരു വലിയ കനമുള്ള മൌനം ...പ്രിയപ്പെട്ടവര്‍ക്ക് പ്രണാമം സുഹൃത്തേ
Post a Comment